Tailoring Association

A.K.T.A

 ആള്‍ കേരള ടെയ്.ലേഴ്സ് അസോസിയേഷന്‍

രജി.നമ്പര്‍ : 316/83

തൊഴിലാളി സംഘടനയുടെ പിറവി

1920 ഒക്ടോബര്‍ 31 ന് ബോംബയിലെ എമ്പയര്‍ തീയേറ്ററില്‍ ലാല ലജ്പത്റോയിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ ട്രേഡ് യുണിയന്‍ കോണ്‍ഗ്രസ്സ് (..ടി.യു.സി.)രൂപികരിക്കപെട്ടു. മോത്തിലാല്‍ നെഹ്‌റു, മുഹമ്മദാലി ജിന്നസാഹിബ് എന്നിവര്‍ ഈ സംഘടനയ്ക്ക് നേതൃത്വം കൊടുത്തു. 1929 ല്‍ ഇതിന്റെ പിളര്‍പ്പിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി തൊഴിലാളി സംഘടനകള്‍ രൂപീകൃതമായി. ഇന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനം പരിശോധിക്കപെട്ടാല്‍ തൊഴിലാളികളുടെ സംരക്ഷണമെന്ന ലക്ഷ്യം മറന്ന് വെറും കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളികളുടെ സംഘശക്തിയെ ഉപയോഗപ്പെടുത്തുകയാണ് മറ്റ് ട്രേഡ് യൂണിയനുകള്‍ ചെയ്യുന്നത്.

കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന

1921 ല്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യ സംഘടന എന്നത് ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആണ്. ആ സംഘടന നടത്തിയ സമരമാണ് കേരളത്തിലെ ആദ്യത്തെ അംഗീകരിക്കപ്പെട്ട തൊഴിലാളിസമരവും.

കേരളത്തില്‍ തയ്യല്‍ തൊഴിലാളി സംഘടനയുടെ ഉത്പത്തിയെക്കുറിച്ച്

1972 ല്‍ എറണാകുളത്തെ ചില തയ്യല്‍ തൊഴിലാളികള്‍ മുന്‍കൈയെടുത്ത് തയ്യല്‍ തൊഴിലാളി കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. വി.എന്‍.പൈലി പ്രസിഡന്റും മൃണാണ്ടന്‍ സെക്രട്ടറിയും അടങ്ങിയ ഒരു കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇതേ കമ്മറ്റിയില്‍ പങ്കെടുത്ത കല്‍പ്പറ്റാക്കാരന്‍ എം.ഹംസക്കോയ മലബാര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമത്തിന്റെ ഫലമായി കണ്ണൂര്‍ ജില്ലയിലെ രാമന്തളി പ്രദേശത്തുകാരായ നാരായണപൊതുവാള്‍, സി..കെ.കുഞ്ഞിരാമന്‍ എന്നീ തയ്യല്‍ക്കാരുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ ആലോചനാ യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ വച്ചു ഇ.പി. കുഞ്ഞിരാമനെ കണ്‍വീനറായി നിശ്ചയിച്ചു കൊണ്ട് ഒരു ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിക്കുകയും ആ കമ്മറ്റിയുടെ ശ്രമകരമായ പ്രവര്‍ത്തന ഫലമായി കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് കെ.എസ്.റ്റി.എ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിന് നിവേദനം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന കാലഘട്ടത്തില്‍ 1981 ല്‍ ഏറണാകുളത്ത് എ.കെ.സത്യവാന്‍ എന്ന തയ്യല്‍ തൊഴിലാളിയും കൂടെ പണിയെടുത്ത തൊഴിലാളികളെയും കടയൊഴിപ്പിക്കലില്‍ നിന്നും മുക്തരാക്കിക്കൊണ്ട് മുഴുവന്‍ തൊഴിലാളികള്‍ക്കും നേട്ടമുണ്ടാകുവാന്‍ വേണ്ടി തയ്യല്‍ക്കാര്‍ അല്ലാതെ സിപിഐ യുടെ പ്രവര്‍ത്തകരായ കെ.എന്‍.ചന്ദ്രന്‍, കെ.പി.ഗോപാലകൃഷ്ണന്‍ എന്നിവരുടെ സഹായത്തോടെ 1981 ആഗസ്റ്റ് 16 നു കാലടി ബ്രഹ്മാനന്ദോദയം സ്കൂളില്‍ വച്ച് അന്നത്തെ നിയമസഭാ സ്പീക്കര്‍ എ.പി.കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ പത്രവാര്‍ത്ത മലബാര്‍ മേഘലയിലുള്ള കെ.എസ്.റ്റി.എ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുകയും ഏറണാകുളത്ത് പോയി എ.കെ.റ്റി.എ യുടെ നേതൃത്വവുമായി കാര്യങ്ങള്‍ വിലയിരുത്തുവാന്‍ കെ.എസ്.റ്റി.എ പ്രവര്‍ത്തകരായ ഇ.പി. കുഞ്ഞിരാമനെയും പി.നാരായണന്‍ നായരെയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സംഘടനകളുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തതില്‍ നിന്ന് തയ്യല്‍ തൊഴിലാളികള്‍ക്ക് വര്‍ഗ്ഗ രാഷ്ട്രീയ പരമായി സംഘടിക്കുവാന്‍ കഴിയുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സംഘടനകളും ഒന്നിക്കാമെന്ന ധാരണയില്‍ 1981 ഡിസംബര്‍ 13 നു അങ്കമാലിയില്‍‍ ഒരു സംയുക്ത കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയും ആ യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കക്ഷി രാഷ്ട്രീയ ട്രേഡ് യൂണിയന്‍ ആകാന്‍ താത്പര്യമില്ലായെന്നു അറിയിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ നേതാക്കള്‍ പിന്‍ വാങ്ങുകയും തുടര്‍ന്ന് നടന്ന യോഗം കെ.മാനുക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

 എ.കെ.റ്റി.എ അംഗം ആര്‍.കുമാരന്‍ നായര്‍ പ്രസിഡന്റ് ആയും കെ.എസ്.റ്റി.എ അംഗം ഇ.പി.കുഞ്ഞിരാമന്‍ സെക്രട്ടറിയായും എം.സി.രാഘവന്‍ ട്രഷറര്‍ ആയും കെ.എസ്.റ്റി.എ യുടെ പതാകയായ മൂന്നില്‍ രണ്ടു ഭാഗത്ത് ചുവപ്പു താഴെയായും മൂന്നില്‍ ഒന്ന് വെള്ള മുകളില്‍ ആയും വെള്ളയില്‍ എ.കെ.റ്റി.എ എന്ന് ചുവപ്പില്‍ ആലേഘനം ചെയ്ത ശുഭ്ര രക്ത പതാകയും സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

തയ്യല്‍ തൊഴില്‍ കൈത്തൊഴിലായി അംഗീകരിക്കുക, തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, തയ്യല്‍ തൊഴിലാളികള്‍ക്ക് വായ്പയും സബ്സിഡിയും അനുവദിക്കുക തുടങ്ങി പത്തില്‍ പരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംഘടനാ പ്രവര്‍ത്തനത്തിനു മുന്നേറ്റം കുറിച്ചെങ്കിലും തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം കൊണ്ട് കെ.മാനുക്കുട്ടന്‍, ഇ.പി.കുഞ്ഞിരാമന്‍, എം.ഡി.സെബാസ്റ്റ്യന്‍, നാരായണന്‍ നായര്‍, വി.റാഫേല്‍, സി.കുഞ്ഞിരാമന്‍, കെ.ബാപ്പു, കെ.ഭാര്‍ഗവന്‍ തുടങ്ങിയ നിരവധി ആളുകളുടെ പരിശ്രമഫലമായി കേരളത്തിന്റെ 14 ജില്ലകളിലേക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും 1985 ആയപ്പോഴേക്ക് 45000 ത്തോളം തയ്യല്‍ക്കാരുടെ മെമ്പര്‍ഷിപ്പില്‍ വളര്‍ന്ന സംഘടന 1987 ല്‍ 65847 ലേക്ക് ഉയര്‍ന്നെങ്കിലും 1988 ല്‍ സംഘടനയുടെ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും മറ്റ് സംഘടനകളുടെ പദവി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സംഘടനയുടെ പ്രവര്‍ത്തനം നിശ്ചലമായിപ്പോയ ഒരു ദുരവസ്ഥ സംജാതമായി. തുടര്‍ന്ന് 1989 മുതല്‍ സജീവമാകുകയും 1995 ല്‍ ഒരു ലക്ഷവും 1997 ല്‍ 106347 എന്നതിലേക്കും 2005ല്‍ ഒന്നര ലക്ഷത്തിലെക്കും വളര്‍ന്ന സംഘടന 2016 ല്‍ നാല് ലക്ഷത്തില്‍ പരം തയ്യല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് വളര്‍ന്നു. ഒരു തൊഴില്‍ മേഖലയില്‍ ഇത്രത്തോളം വളര്‍ന്ന മറ്റൊരു സംഘടന ഇല്ലെന്ന തരത്തിലേക്ക് മാറിയപ്പോള്‍ 1998 ല്‍ കെ.ഭാര്‍ഗവന്‍, ഇ.പി.കുഞ്ഞിരാമന്‍, കെ.മാനുക്കുട്ടന്‍, എന്‍.സി.ബാബു, പി.കെ.ബാഹുലേയന്‍, എസ്.പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയാടിസ്ഥാനത്തില്‍ 9 സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ദേശിയ തലത്തില്‍ തയ്യല്‍ തൊഴിലാളികളുടെ മുന്നേറ്റത്തിനു വേണ്ടി ടെയ്.ലറിംഗ് വര്‍ക്കേഴ്സ് ഫോറം ഓഫ്‌ ഇന്ത്യ (TWFI) എന്ന പേരില്‍ 01/08/TVM/2015 നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്നു. അസംഘടിത മേഖലയിലെ ഇന്ത്യാ രാജ്യത്തെ തൊഴിലാളികള്‍ക്ക് സംരക്ഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നിലേക്ക് TWFI യുടെ നേതൃത്വത്തില്‍ പ്രക്ഷോഭ സമരം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് സംഘടനയുടെ മുന്നേറ്റങ്ങളില്‍ ചിലത് മാത്രം. കേരളത്തില്‍ വര്‍ഗപരമായി വളരാന്‍ ഉദ്ദേശിച്ചു കൊണ്ട് കഴിഞ്ഞ 41 വര്‍ഷക്കാലം നടത്തിയ പ്രക്ഷോഭ സമരങ്ങളും സമ്മേളനങ്ങളും കൂടിയാലോചനകളും നിരവധിയാണ്. അതിനൊക്കെ അതിന്റേതായ നേട്ടവും വളര്‍ച്ചയും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ സംഘടിച്ച് ശക്തിയാകുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ പല കോണുകളില്‍ നിന്ന് പല തുള്ളികളായി പിരിഞ്ഞു ചെറുതും വലുതുമായ ശബ്ദങ്ങള്‍ക്ക് എപ്പോഴും ഒരു വിലപേശല്‍ ശക്തിയാകാന്‍ കഴിയില്ല എന്ന സത്യം സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി ഓരോ പ്രസ്ഥാനത്തെയും പിളര്‍ക്കുമ്പോള്‍ നാശത്തിന്റെ വക്കിലേക്കാണ് അത്തരം പ്രസ്ഥാനങ്ങളും വ്യക്തികളും എത്തിപ്പെടുക എന്നുള്ളത് ഓര്‍ക്കേണ്ടത്. ഇവിടെ "എനിക്ക് ജാതി ഇല്ല" എന്ന് ഗുരുദേവന്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞെങ്കില്‍ "ഞങ്ങള്‍ക്ക് ജാതി ഇല്ലായെന്ന്" 1981 മുതല്‍ പറഞ്ഞു പഠിപ്പിച്ചു തയ്യല്‍ തൊഴിലാളികളുടെ സംഘടനയെ വളര്‍ത്തിയത്‌ കൊണ്ട് മാത്രമാണ് 1981 ല്‍ അങ്കമാലിയില്‍ ‍ തുടക്കം കുറിച്ച പ്രസ്ഥാനം പടര്‍ന്നു പന്തലിച്ച് തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, മാഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി വരെ ഇതിന്റെ സന്ദേശം എത്തിക്കുവാന്‍ സാധിച്ചത്. 2015 ഡിസംബറില്‍ ദേശീയ സംഘടനയുടെ മൂന്നാമത് ദേശീയ സമ്മേളനം നടത്തുവാനും സമ്മേളനത്തിന്റെ ഉദ്ഘാടകനായ കേന്ദ്രതൊഴില്‍വകുപ്പ് മന്ത്രി ബെണ്ടാരു ദത്താത്രായുമായി പാര്‍ലമെന്റ് ഹൗസില്‍ ‍ 55 മിനിറ്റ് നേരം നടത്തിയ ചര്‍ച്ചയില്‍ തയ്യല്‍ തൊഴിലാളികള്‍ അടക്കമുള്ള 80 കോടി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആംആദ്മി ബീമ യോജന, അടല്‍ പെന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും തയ്യല്‍തൊഴില്‍മേഖലയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ എ.കെ.റ്റി.എ നടത്തിയ മുന്നേറ്റങ്ങളാണ്.

ഇക്കാല മത്രയും മറ്റൊരു സംഘടനയും തയ്യല്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു സമരം നടത്തിയതായോ ഒരു പ്രമേയം പാസാക്കിയതായോ ചരിത്രമില്ല. 1994 ജൂലൈ 26 നു ബി.വിജയകുമാര്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് തൊഴില്‍ വകുപ്പ് മന്ത്രി എന്‍.രാമകൃഷ്ണന്‍ നല്‍കിയ മറുപടി അനുസരിച്ച് തയ്യല്‍ തൊഴില്‍ മേഘലയില്‍ നാല് സംഘടനകള്‍ ഉണ്ടെങ്കിലും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് പരിശോധിച്ചു കൃത്യമായി കണക്കുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന ഏക സംഘടന ആള്‍ കേരള ടെയ്.ലേഴ്സ് അസോസിയേഷന്‍ മാത്രമാണെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ 86 ഓളം സംഘടനകള്‍ തയ്യല്‍ തൊഴിലാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എ.കെ.റ്റി.എ എന്ന സംഘടന ഒഴികെ മറ്റൊരു സംഘടനയും തയ്യല്‍ക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാകുന്നില്ല. മറിച്ചു തയ്യല്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് അനര്‍ഹരായ ആളുകളെ ചേര്‍ത്ത് ഭീമമായ സംഖ്യ കൈപ്പറ്റിക്കൊണ്ട് പിന്നീട് യാതൊന്നും ചെയ്തു കൊടുക്കാതെ ഇവരെ ചൂഷണം ചെയ്യുന്നു. ഇത് തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല എന്നതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

 തൃശൂരില്‍ വച്ച് നടത്തിയ 24-ാം ‍സംസ്ഥാന സമ്മേളനത്തില്‍ എക്സിക്യുട്ടീവ്‌ അംഗങ്ങളായി കെ.എസ്.സോമന്‍, എന്‍.സി.ബാബു, ജി.കാര്‍ത്തികേയന്‍, കെ.മാനുക്കുട്ടന്‍, എം.കെ.പ്രകാശന്‍, എസ്.സതികുമാര്‍, എ.എസ്.കുട്ടപ്പന്‍, സി.ബാലസുബ്രഹ്മണ്യന്‍, കെ.വി.രാമചന്ദ്രന്‍, എം.കാര്‍ത്തികേയന്‍, ഇ.ജനാര്‍ദ്ദനന്‍, ടി.കെ.ഖദീജാ ഹംസ, ജി.സജീവന്‍, വി.ജി.ഉഷാകുമാരി, കെ.കെ.ബേബി, പി.ജി.രാജന്‍, എം.രാമകൃഷ്ണന്‍, പി.ഡി.സണ്ണി, കെ.എന്‍.ചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു. ‍ എ.കെ.റ്റി.എ സംസ്ഥാന പ്രസിഡന്റായി കെ.എസ്.സോമനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എന്‍.സി.ബാബുവിനെയും സംസ്ഥാന ട്രഷറര്‍ ആയി ജി.കാര്‍ത്തികേയനെയും തിരഞ്ഞെടുത്തു. സ്ത്രീ മുന്നേറ്റം ലക്‌ഷ്യം വച്ച് കൊണ്ട് ജില്ലകളുടെ പ്രസിഡന്റ്, ഖജാന്‍ജി എന്നീ ഒദ്യോഗിക പദവികളില്‍ മുന്നേ തന്നെ സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും 24 ാം ‍സംസ്ഥാന സമ്മേളനത്തിനു ശേഷം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ജി.ഉഷാകുമാരിയെ നിയോഗിച്ചതും കൂടുതല്‍ വനിതകളെ സംഘടനയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

24-ാം സംസ്ഥാന സമ്മേളനത്തെ സംബന്ധിച്ച് സമ്മേളനത്തിലവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ സംഘടന പിന്നിട്ട കാലഘട്ടങ്ങളിലെ ചരിത്രങ്ങളെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടാക്കി പ്രതിനിധികളുടെ കരങ്ങളിലെത്തിക്കുവാനും സംഘടനയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കും ആസ്ഥിക്കും അനുസരിച്ച് ഉത്തരവാദിത്വമുള്ള കേഡര്‍മാരെ നിലനിര്‍ത്തുന്നതിനുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഭരണഘടനാ ഭേദഗതി ചരിത്രരേഖയായി അംഗീകരിച്ചെടുപ്പിക്കുവാന്‍ കഴിയുകയും സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികള്‍ക്കും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് വിജയപഥത്തിലെത്തിക്കുവാനും ഈ സമ്മേളനത്തിന് കഴിഞ്ഞു.

സംഘടന മുന്നോട്ട് വച്ച 10 ആവശ്യങ്ങള്‍

  1. തയ്യല്‍ തൊഴില്‍ കൈത്തൊഴില്‍ ആയി അംഗീകരിക്കുക.

  2. തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.

  3. തയ്യല്‍ തൊഴിലാളി ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കുക.

  4. തയ്യല്‍ തൊഴിലാളികളെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുക.

  5. തയ്യല്‍ തൊഴില്‍ ശാസ്ത്രീയമായി പഠിക്കുന്നതിനു ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുക.

  6. തയ്യല്‍ തൊഴിലാളികളെ സംബന്ധിച്ചു പഠിക്കുന്നതിനു ഒരു കമ്മീഷനെ നിയമിക്കുക.

  7. തയ്യല്‍ തൊഴിലാളികള്‍ക്ക് വായ്പയും സബ്സിഡിയും ഉദാരമാക്കുക.

  8. 50 വയസ്സ് കഴിഞ്ഞ അവശരായ തുന്നല്‍ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കുക.

  9. തയ്യല്‍ തൊഴില്‍ സംരക്ഷണ നിയമം കൊണ്ട് വരുക.

  10. തയ്യല്‍ തൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കുക.

മേല്‍ വിവരിച്ച പത്താവശ്യങ്ങളില്‍ ഒന്നാമത്തെ ആവശ്യമായ തയ്യല്‍ തൊഴില്‍ കൈത്തൊഴിലായി അംഗീകരിക്കുക എന്ന മുദ്രാവാക്യം നാളിതുവരെ സര്‍ക്കാര്‍ തലത്തില്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറവ് നിലനില്‍ക്കുന്നങ്കിലും ബാക്കി ഒമ്പത് മുദ്രാവാക്യങ്ങളില്‍ ഭാഗികമായും ചിലത് പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും പൂര്‍ണ്ണതയെത്താത്ത നമ്മുടെ മുദ്രാവാക്യങ്ങളില്‍ സംഘടന നേരിട്ട് തൊഴിലാളികള്‍ക്ക് വായ്പകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തൊഴില്‍ പരിശീലനങ്ങളും സ്ഥിര വരുമാന മാര്‍ഗമുള്ളതും തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതുമായ നേട്ടങ്ങളിലേക്ക് തൊഴിലാളികളെ ഉയര്‍ത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.